തിരുവനന്തപുരം: ഓപ്പറേഷൻ ‘ജംഗിൾ സഫാരി’യുടെ ഭാഗമായി കേരള വനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം സെൻററുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. സഞ്ചാരികളുടെ കൈയിൽ നിന്നും വിവിധ ഫീസിനത്തിൽ ഈടാക്കുന്ന തുക കണക്കിൽപ്പെടുത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കുന്ന നിർമ്മാണ പദ്ധതികളിൽ ക്രമക്കേടുകൾ നടക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സംസ്ഥാനത്തെ എല്ലാ വനം വികസന ഏജൻസികളിലും (FDA) തെരഞ്ഞെടുത്ത ഇക്കോ വികസന കമ്മറ്റികളിലും (EDC) വനം സംരക്ഷണ സമിതികളിലും (VSS) ഇന്നലെ രാവിലെ 11 മണി മുതൽ ‘ഓപ്പറേഷൻ ജംഗിൾ സഫാരി’ എന്ന പേരിലാണ് വിജിലൻസ് വ്യാപക മിന്നൽ പരിശോധനകൾ നടത്തിയത്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി സഞ്ചാരികളിൽ നിന്ന് 40 രൂപ മുതൽ 2,000 രൂപ വരെ വിവിധ ഇനങ്ങളിലായി ടിക്കറ്റ് നൽകി ഫീസ് ഇനത്തിൽ പിരിക്കുന്നുണ്ട്.ഇതിനായി ഇലക്ട്രോണിക് ടിക്കറ്റിങ് ഉപകരണങ്ങൾ ആണ് സാധാരണ ഉപയോഗിക്കുന്നത്. ഇപ്രകാരമെത്തുന്ന വിനോദ സഞ്ചാരികളുടെ പക്കൽ നിന്നും പിരിക്കുന്ന തുകയിൽ ഒരു വിഹിതം യാതൊരു കണക്കിലും കാണിക്കാതെ EDC/VSS കളുടെ ഭാരവാഹികൾ വീതംവെച്ചെടുക്കുന്നതായും രഹസ്യവിവരം ലഭിച്ചിരുന്നു. ഓരോ ദിവസവും പിരിക്കുന്ന തുക തൊട്ടടുത്ത ദിവസം തന്നെ ബാങ്കിൽ അടക്കാതെ മറ്റു് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ദിവസങ്ങൾ കഴിഞ്ഞു അടച്ചു വരുന്നതായും, ഇത്തരം ക്രമക്കേടുകൾ പരിശോധിക്കാൻ ഉത്തരവാദിത്തപ്പെട്ട വനം വികസന ഏജൻസിയിലെ ഉദ്യോഗസ്ഥർ വനം സംരക്ഷണ സമിതികളിൽ പരിശോധനകൾ നടത്താതെ വെട്ടിപ്പിനു കൂട്ടുനിൽക്കുന്നു എന്നും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!