കൊച്ചി: വിവാഹ മണ്ഡപത്തിലേക്ക് പോയ നവവധു സഞ്ചരിച്ച കാറിന് തീപിടിച്ച് ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ നിന്നു വിവാഹസംഘം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചുമട്ടുതൊഴിലാളികളും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ ഉടൻ പൂർണമായി കെടുത്തിയത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.ഇടപ്പള്ളി സിഗ്നലിനു സമീപം ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയും സംഘവും വിവാഹത്തിനായി ആലുവയിലെ ഓഡിറ്റോറിയത്തിലേക്ക് കാറിൽ പോകുകയായിരുന്നു. ഇടപ്പള്ളി സിഗ്നലിനു സമീപം എത്തിയപ്പോൾ കാറിൽ നിന്നു പുക ഉയരുന്നതു സമീപത്തെ ചുമട്ടു തൊഴിലാളികൾ കണ്ടു. ഇവർ കാറിലുള്ളവരെ വിവരം അറിയിച്ചു. പരിഭ്രമിച്ച യാത്രക്കാർ കാറിന്റെ വാതിലുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. കാറിന്റെ ചില്ലു തകർത്തു പുറത്തുകടക്കാനും ശ്രമിച്ചു. ഇതിനിടെ വാതിലുകൾ തുറന്നു നവവധു ഉൾപ്പെടെയുള്ളവർ കാറിൽ നിന്നു പുറത്തിറങ്ങിയ ഉടൻ എൻജിൻ ഭാഗത്തു നിന്നു തീയാളി.സമീപത്തെ റസ്റ്ററന്റിൽ നിന്നു ചുമട്ടുതൊഴിലാളികൾ വെള്ളമെടുത്ത് തീയണയ്ക്കാനും ശ്രമിച്ചു. അപ്പോഴേക്കും ട്രാഫിക് എസ്ഐ എസ്.ടി.അരുളിന്റെ നേതൃത്വത്തിൽ പൊലീസും എത്തി. നവവധുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു കാറിൽ വിവാഹ സ്ഥലത്തേക്ക് അയച്ചു. തൃക്കാക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കാർ പരിശോധിച്ചു.