പത്തനംതിട്ട: പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ്‌ പിടിച്ചെടുത്ത റോബിൻ ബസ് കഴിഞ്ഞ ദിവസം എംവിഡി വിട്ടയച്ചിരുന്നു. പിന്നാലെ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് ആരംഭിച്ചത്. ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണു ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്.നവംബർ‌ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണു വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!