പത്തനംതിട്ട: റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. ഒരു മാസത്തിനു ശേഷമാണ് ബസ് വിട്ടു നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. തുടർന്നാണ് കോടതി നിർദേശം പരിഗണിച്ച് ബസ് വിട്ടു കൊടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താം. അല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ബസ് വിട്ടുകൊടുക്കണമെന്ന് ഈ മാസം 20ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പ് തുടർനടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട നടപടികൾ പത്തനംതിട്ട എസ്എച്ച്ഒയെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് പറഞ്ഞത്. അതനുസരിച്ച് എസ്എച്ച്ഒയെ സമീപിച്ചപ്പോൾ തങ്ങളെ ഒന്നും ഏൽപ്പിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. തുടർന്നാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതെന്നും ബേബി ഗിരീഷ് വ്യക്തമാക്കി.പത്തനംതിട്ടയിലെ പോലീസ് ക്യാംപിലുള്ള ബസ് ഇറക്കണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂടി എത്തേണ്ടതുണ്ട്. വാഹനം ഇന്ന് വിട്ടുകിട്ടിയാൽ ചൊവ്വാഴ്ച മുതൽ സർവീസ് തുടങ്ങും. സർവീസ് അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പുള്ളത്. എവിടെ വരെ പോകുമെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതിയെ താൻ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും നിയമത്തിൽ ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. സർവീസ് പുനരാരംഭിച്ചാലും പിടികൂടുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരുള്ളത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് പിടികൂടുന്നതുവരെ ബസ് സർവീസ് നടത്തും. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിൻ്റെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതി വിധി തനിക്ക് എതിരാണെങ്കിൽ സർവീസ് അവസാനിപ്പിക്കുമെന്നും ബേബി ഗിരീഷ് കൂട്ടിച്ചേർത്തു.പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. നിയമലംഘനത്തിനു ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവുണ്ടായത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!