കോട്ടയം: ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിന്റെ മരണത്തിൽ ദുരൂഹത. ഷൈമോളുടെ മരണം ആത്മഹത്യ തന്നെയോ എന്ന കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സംശയം പറയുന്നു. യുവതി ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്.യുവതിയുടെ വയറിനുള്ളിൽ രക്തം വാർന്നു കെട്ടിക്കിടന്നിരുന്നതായും കാലിൽ പഴയതും പുതിയതുമായ മുറിവുകൾ കാണപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ കശേരുക്കൾക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കിൽ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഭർതൃപിതാവ് വർക്കിയെ ഇന്നലെ അറസ്റ്റ് ചെയ്തു. ഭർത്താവ് അനിൽ നേരത്തേ അറസ്റ്റിലായിരുന്നു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.ഈ മാസം 7നു രാവിലെയാണു യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷം മുമ്പാണ് ഷൈമോൾ അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ സേവ്യറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനിൽ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഭർതൃ വീട്ടിൽ നിന്ന് ഷൈമോൾ സ്വന്തം വീട്ടിലെത്തി. തുടർന്ന് ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാർ ഉറപ്പ് നൽകിയതോടെയാണ് മടങ്ങി പോയത്. എന്നാൽ ഏഴാം തീയതി രാവിലെ അമ്മയെ ഫോണിൽ വിളിച്ച ഷൈമോൾ വീണ്ടും അനിലിന്റെ ഉപദ്രവത്തെ പറ്റി പരാതി പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം ഷൈമോളുടെ മരണ വാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.ഭർതൃ വീട്ടുകാർ മരണ വാർത്ത അറിയിക്കാൻ വൈകിയതിൽ കുടുംബത്തിന് സംശയമുണ്ട്. ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വാർന്നതും കൈത്തണ്ടയിൽ ഉണ്ടായിരുന്ന പാടുകളും മരണത്തിൽ ദുരൂഹത ഉന്നയിക്കാനുള്ള കാരണങ്ങളാണ്. ഗാർഹിക പീഡനം ഉൾപ്പെടെ ഷൈമോളുടെ കുടുംബം ഉന്നയിച്ച പരാതികളിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായിരിക്കുന്നത്.