തിരുവനന്തപുരം: സർക്കാർ ആശുപത്രികളുടെ പേരു മാറ്റി ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കാൻ കേന്ദ്ര നിർദേശം. ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പേരുകൾ മാറ്റണമെന്നാണ് നിർദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങൾ (എസ്എച്ച്സി), പ്രാഥമിക ആരോഗ്യകേന്ദ്രം (പിഎച്ച്സി), അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (യുപിഎച്ച്‌സി), അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റേഴ്സ് (യുഎച്ച് ഡബ്യുസി) തുടങ്ങിവയുടെ പേര് മാറ്റാനാണ് കേന്ദ്ര നിർദേശം.സർക്കാർ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ഏതൊക്കെ ആശുപത്രികളുടെ പേരാണ് മറ്റേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും പറഞ്ഞ ആശുപത്രി അധികൃതർ ചർച്ച ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേര് വയ്ക്കുന്നതിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പേര് രേഖപ്പെടുത്തേണ്ടത്. നിലവിലെ ബോർഡുകളിലുള്ള നാഷനൽ ഹെൽത്ത് മിഷന്റെ ലോഗോയും മറ്റു ലോഗോകളും ഉൾപ്പെടുത്തണം. വാടക കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ഇതേ കാര്യങ്ങള്‍ ഉൾപ്പെടുത്തി ഫ്ലക്സ് ബോർഡുകൾ വയ്ക്കണം.പേരുകൾ മാറ്റുന്നതിന് 3000 രൂപയാണ് അനുവദിക്കുന്നത്. പേര് മാറ്റംവരുത്തിയ ആരോഗ്യ കേന്ദ്രങ്ങളുടെ ഫോട്ടോ ആയുഷ്മാൻ ഭാരത് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഡിസംബർ 31നകം ഈ നിർദേശങ്ങള്‍ നടപ്പിലാക്കണമെന്നും നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ അയച്ച കത്തിൽ വ്യക്തമാക്കുന്നു.