കോഴിക്കോട്: കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കാംപസിൽ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികളടക്കം നാലുപേരുടെ ജീവനാണ് നഷ്ടമായത്. ഓർക്കാപ്പുറത്തുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ആണ് വിദ്യാർത്ഥികളും അവരുടെ വീട്ടുകാർ. അപകടത്തിൽ മരിച്ച പലരുടെയും വീടുകളിൽ സംഭവം അറിയുന്നത് ടിവിയിലൂടെയാണ്. വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ സാറാ തോമസിനെ വിളിച്ചുനോക്കിയെന്നും കിട്ടിയില്ലെന്നും ബന്ധുവായ അമ്മുക്കുട്ടി പറഞ്ഞു. പിന്നെയാണ് പോയത് സാറയാണെന്ന് അറിഞ്ഞതെന്ന് കണ്ണീരോടെ അവര്‍ പറഞ്ഞു. താമരശ്ശേരിയിലെ നാട്ടുകാരെ സംബന്ധിച്ചും സാറയുടെ മരണം വലിയൊരു നടുക്കമാണുണ്ടാക്കിയത്. സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. കുസാറ്റിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം താമരശ്ശേരി കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.അപകടവിവരം അറിഞ്ഞയുടനെ സാറയുടെ പിതാവ് തോമസ് സ്‌കറിയയും മാതാവ് റാണി സെബാസ്റ്റിയനും സഹോദരി സാനിയയും കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. പുലര്‍ച്ചയോടെ ഇവര്‍ കളമശ്ശേരിയില്‍ എത്തി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവര്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദമ്പതിമാരുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസന്‍, സാനിയ എന്നിവര്‍ സഹോദരങ്ങളാണ്. കോരങ്ങാട്ടെ വീട്ടിലുള്ള മുത്തശ്ശി ശോശാമ്മയെ മരണവിവരം അറിയിച്ചിട്ടില്ല.തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റില്‍ അധ്യാപകരാണ്. ഇവരാണ് ആദ്യം വിവരം അറിഞ്ഞത്. അപകടവിവരമറിഞ്ഞ് സാറയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗ്രീന്‍ റൂമിലോ മറ്റോ ആയതിനാല്‍ ഫോണ്‍ എടുക്കാന്‍ കഴിയാത്തതാണെന്ന് കരുതി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവിടെയുള്ളവരാണ് മരിച്ചവരില്‍ സാറയും ഉണ്ടെന്ന് അറിയിക്കുന്നത്. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.പഠനത്തില്‍ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. മറ്റുകാര്യങ്ങളിലും സാറ സജീവമായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഒരുവര്‍ഷം മുമ്പ് അണലിയുടെ കടിയേറ്റ പിതാവ് തോമസ് ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഡയാലിസിസ് അടക്കം നടത്തി ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെയാണ് മകളുടെ ദാരുണാന്ത്യം.വയലപ്പള്ളില്‍ സാറാ തോമസ് (20) ആണ് മരിച്ചതെന്ന് മാത്രമായിരുന്നു നാട്ടുകാര്‍ക്ക്‌ ആദ്യം ലഭിച്ച വിവരം. താമരശ്ശേരി സ്വദേശിനിയെന്നതല്ലാതെ സ്ഥലപ്പേര് സംബന്ധിച്ച കൃത്യമായ വിവരം പോലീസിനോ പഞ്ചായത്ത് അധികൃതര്‍ക്കോ ജനപ്രതിനിധികള്‍ക്കോപോലും ആദ്യഘട്ടത്തില്‍ നിശ്ചയമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നാട്ടുകാര്‍ സാറയുടെ വീട്ടിലെത്തുമ്പോള്‍ മുത്തശ്ശി ശോശാമ്മ മാത്രമായിരുന്നു വീട്ടില്‍.താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനത്തില്‍ മിടുക്കിയായിരുന്ന സാറ പ്ലസ്ടുവിന് പഠിച്ചത്. നേരത്തേ അമ്പായത്തോട് താമസിച്ചിരുന്ന കുടുംബം സമീപകാലത്താണ് കോരങ്ങാട് ഭാഗത്തേക്ക് വീടുമാറിയത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!