തിരുവനന്തപുരം: ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകുന്നതിനുമായുള്ള വാരാചരണം സംഘടിപ്പിച്ചു വരുന്നുണ്ട്. നാളെ സംസ്ഥാനത്ത് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍.’ ദിനം ആചരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) അവബോധ വാരാചരണം സംഘടിപ്പിച്ചു വരുന്നത്.അതിന്റെ അവസാന ദിവസമാണ് ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍. കാമ്പയിന്‍ ആയി ആചരിക്കുന്നത്. കാര്‍സാപ്പിന്റെ ഭാഗമായുള്ള ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനവും ഗോ ബ്ലൂ കാമ്പയിന്‍ ആചരിക്കുന്നത്. ഗോ ബ്ലൂ കാമ്പയിന്റെ ഭാഗമായി ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും എ.എം.ആര്‍. അവബോധ സന്ദേശം പ്രചരിപ്പിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ലോക എ.എം.ആര്‍. വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും അവബോധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവര്‍ക്കും ആന്റിബയോട്ടിക്കുകളെ പറ്റിയുള്ള ശരിയായ അവബോധത്തിന് സംസ്ഥാനമൊട്ടാകെ നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നുവരികയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി ജില്ലാതലത്തിലും ബ്ലോക്കുതലത്തിലും എ.എം.ആര്‍. കമ്മിറ്റികള്‍ രൂപീകരിച്ചതും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ കേരളത്തില്‍ തുടങ്ങിയതും. ‘പ്രിവന്റിങ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ടുഗതര്‍’ എന്നതാണ് ഈ വര്‍ഷത്തെ തീം. ഏകലോകം ഏകാരോരോഗ്യം വിഷയത്തിലൂന്നി എ.എം.ആര്‍. അവബോധം ശക്തമാക്കാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!