മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി (56) അന്തരിച്ചു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അന്ത്യം. മരണവിവരം മകൾ സഞ്ജിന ഗാധ്‌വി സ്ഥിരീകരിച്ചു. പൂർണ ആരോഗ്യവാനായിരുന്നു പിതാവെന്ന് സഞ്ജിന പറഞ്ഞു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.2000-ൽ പുറത്തിറങ്ങിയ തേരേ ലിയേ ആണ് ഗാധ്‌വിയുടെ ആദ്യ ചിത്രം. പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തിയ ചിത്രം അത്ര വിജയമായില്ല. 2002-ൽ സംവിധാനം ചെയ്ത മേരേ യാർ കി ഷാദിഹേ എന്ന ചിത്രത്തിനും വലിയ വിജയം നേടാനായില്ല.തുടർന്നാണ് 2004-ൽ ബോളിവുഡിനെ ഇളക്കിമറിച്ച ധൂം വരുന്നത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തു. 2006-ൽ പുറത്തിറങ്ങിയ ധൂം 2 ആദ്യ ചിത്രത്തേക്കാൾ വലിയ ഹിറ്റായിരുന്നു. അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ഹൃത്വിക് റോഷൻ, ഐശ്വര്യാ റായി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.2012-ൽ പുറത്തിറങ്ങിയ അജബ് ഗസബിന് ശേഷം സിനിമയിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. 2020-ൽ ഓപ്പറേഷൻ പരീന്ദേ എന്നൊരു ചിത്രം സംവിധാനം ചെയ്ത് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ജീനയാണ് ഭാര്യ.