കൊച്ചി: കേരള ജനതയെ ഞെട്ടിച്ച ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്. 48 പേര്‍ക്കാണ് അംഗീകാരം നൽകിയത്. ഇതിൽ ആലുവ ഡിവൈഎസ്പിയും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉൾപ്പെടും. അഞ്ചുവയസുകാരിയെ അതിക്രൂരമായിട്ടാണ് ബലാത്സംഗം ചെയ്ത് പ്രതി കൊന്നു തള്ളിയത്. കേസിൽ പോലീസ് അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയായത് റെക്കോഡ് വേഗത്തില്‍ ആണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 36-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ഉടന്‍ തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 100-ാം ദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒടുവില്‍ അഞ്ചുവയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞ് 110-ാം ദിവസം ശിക്ഷാവിധിയും. ഒരുകേസിൽ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്.ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിലെ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷയാണ് വിധിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക.2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ് ആലുവയിൽ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. വൈകീട്ട് 3.30 ന് ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്‌ഫാക്ക് ആലം കുട്ടിയുമായി മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നൽ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവൻ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചിൽ തുടർന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.