പാലക്കാട്: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മകൻ കസ്റ്റഡിയിൽ. ബന്ധുക്കളുടെ പരാതിയിൽ എ.അനൂപിനെ (26) പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും കണ്ടെത്തുന്നത്.ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ ദിവസമാണു അപ്പുണ്ണി വീട്ടിലെത്തിയത്. അപ്പുണ്ണിയെ സന്ദർശിക്കാൻ അയൽവായിയായ ബന്ധു വീട്ടിലെത്തിയിരുന്നു. അപ്പുണ്ണി കട്ടിലിൽനിന്നു വീണു കിടക്കുന്നതാണു കണ്ടത്. യശോദയെ അനൂപ് മർദ്ദിക്കുന്നതായും കണ്ടു. ഇതു തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.പിന്നീട് അപ്പുണ്ണിയെയും യശോദയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അനൂപിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഒട്ടേറെ ലഹരി കേസുകളിൽ അനൂപ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.