കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മൂപ്പൈനാടിൽ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. നിരവധി കോഴികളെ വളര്‍ത്തുന്ന വലിയ കൂട്ടിലാണ് പുലി കയറിയത്. കൂടിനുള്ളില്‍നിന്നും ശബ്ദംകേട്ടാണ് ഹംസ വീടിന് പുറത്തിറങ്ങി നോക്കിയത്. കോഴിക്കൂട്ടില്‍നിന്ന് പുലി പുറത്തുവരാതിരുന്നതിനാൽ പ്രദേശത്തുള്ളവര്‍ക്ക് ഭീഷണിയായി മാറിയില്ല. പുലിയെ വനംവകുപ്പെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല.കൂട്ടില്‍ പുലിയെ കണ്ട ഉടനെ തന്നെ ഹംസ കോഴിക്കൂടിന്‍റെ വാതില്‍ അടക്കുകയായിരുന്നു. പുലി കുടുങ്ങിയ സംഭവം അറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും ഇവിടേക്കെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും ഉടനെ സ്ഥലത്തെത്തി പുലിയ വനംവകുപ്പിന്‍റെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കൂട്ടിലാക്കിയ പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. ഇവിടെ നിന്നും പുലിയുടെ ആരോഗ്യനില സംബന്ധിച്ച വിശദമായ പരിശോധനക്കുശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയെന്നാണ് വിവരം. മേപ്പാടി മുപ്പൈനാട് മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കെയാണ് കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ അകപ്പെട്ട അപൂര്‍വ സംഭവമുണ്ടായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!