കോഴിക്കോട് ജില്ലയിലെ പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ മെമ്പറുമാണ് അന്തരിച്ച നടമ്മല്‍പൊയില്‍ എന്‍. അബ്ദുല്ല മുസ്്‌ലിയാര്‍. സമസ്ത ഫത് വ കമ്മിറ്റി മെമ്പറും കിഴക്കന്‍ കോഴിക്കോട്ടെ മഹാ പണ്ഡിതനുമായിരുന്ന പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്്‌ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു. പ്രധാനമായും അദ്ദേഹത്തിനു കീഴിലാണ് ഓതിപ്പഠിച്ചത്. ഈയിടെ പുറത്തിറങ്ങിയ പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്്‌ലിയാരെ കുറിച്ചുള്ള പുസ്തകം തയ്യാറാക്കുന്നതിന്റെ ആവശ്യത്തിനായി രണ്ടു തവണ അബ്ദുല്ല മുസ്്‌ലിയാരുടെ വീട്ടില്‍ പോയി ദീര്‍ഘ നേരം സംസാരിച്ചിരുന്നു. വലിയ വിനയവും എളിമയുമുള്ള നല്ലൊരു പണ്ഡിതനായിരുന്നു.പിതാവ് ഇമ്പിച്ച്യാലി ഹാജി. മാതാവ് ഫാത്വിമ. 1955 ല്‍ ജനിച്ചു. മദ്‌റസ പഠനത്തോടൊപ്പം സ്‌കൂളിലും പോയി. 1977 ല്‍ കൊടുവള്ളി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായി. ശേഷം പി.ഡി.സി ക്കു പോകാനായിരുന്നു പിതാവിന്റെ താത്പര്യം. അതിനായി കോഴിക്കോട് ദേവഗിരി കോളേജില്‍ സീറ്റ് ഉറപ്പിക്കുകയും ചെയ്തു. അതേസമയം, മകനെ ഒരു പണ്ഡിതനാക്കുകയെന്നതായിരുന്നു ഉമ്മയുടെ കുടുംബത്തിന്റെ ആഗ്രഹം. ഉമ്മയും അതിനെ പിന്തുണച്ചു. അമ്മാവന്‍ കൂടിയായ പുതിയോത്ത് കെ.പി. അബൂബക്കര്‍ മുസ്്‌ലിയാര്‍ അതിനു വഴികളൊരുക്കി. അദ്ദേഹം നിര്‍ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് 1971 ല്‍ പുതിയോത്ത് പി.സി. ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു. ഭക്ഷണം കഴിക്കാന്‍ സ്വന്തം വീട്ടിലേക്കു തന്നെയാണ് പോയിരുന്നത്.കുട്ടിയുടെ കഴിവ് മനസ്സിലാക്കിയ പി.സി. ഉസ്താദ് തഖ്‌വീമുല്ലിസാന്‍ ഓതിക്കൊടുത്തു കൊണ്ടാണ് ക്ലാസ് തുടങ്ങിയത്. അതിനു മുമ്പുള്ള കിതാബുകളെല്ലാം ‘മനസ്സിലായിക്കോളും’ എന്ന അനുഗ്രഹവും കൊടുത്തു. പിന്നീട് തുടര്‍ച്ചയായ എട്ടു വര്‍ഷം ദര്‍സില്‍ പഠിച്ചു. 1978 ല്‍ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പോയി. രണ്ടു വര്‍ഷം അവിടെ പഠിച്ചു. കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, എം.ടി. അബ്ദുല്ല മുസ്്‌ലിയാര്‍, ആലിക്കുട്ടി മുസ്്‌ലിയാര്‍ തുടങ്ങിയവരായിരുന്നു അവിടത്തെ ഉസ്താദുമാര്‍. 1980 ല്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങി. അതേ വര്‍ഷം തന്നെ പി.സി. ഉസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം വാവാട് പള്ളിയില്‍ രണ്ടാം മുദരിസായി ജോലിയില്‍ പ്രവേശിച്ചു. അണ്ടോണ ഉസ്താദായിരുന്നു ഒന്നാം മുദരിസ്. മുമ്പ് രണ്ടാം മുദരിസായി പലരും വന്നിരുന്നുവെങ്കിലും കുട്ടികള്‍ക്ക് നല്ല അഭിപ്രായമില്ലാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം ഒഴിഞ്ഞുപോവാറായിരുന്നു പതിവ്. എന്നാല്‍, അബ്ദുല്ല മുസ്്‌ലിയാരുടെ കാര്യം നേരെ മറിച്ചായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും അദ്ധ്യാപനവും എല്ലാവര്‍ക്കും ബോധിച്ചുവെന്നു മാത്രമല്ല, ദര്‍സ് വിട്ടുപോവാന്‍ ആരും സമ്മതിച്ചതുമില്ല. 15 വര്‍ഷം അവിടെ സേവനം ചെയ്തു. ഇക്കാലയളവില്‍ പി.സി. ഉസ്താദിനും അണ്ടോണ ഉസ്താദിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിച്ചു. അദ്ദേഹം വഴിയാണ് അവര്‍ പലപ്പോഴും പരസ്പരം സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.1995 മുതല്‍ നാലു വര്‍ഷം ചാലിയത്ത് മുദരിസായി സേവനം ചെയ്തു. അണ്ടോണ ഉസ്താദാണ് ദര്‍സ് ഉദ്ഘാടനം ചെയ്തത്. പി.സി. ഉസ്താദും കൂടെയുണ്ടായിരുന്നു. ശംസുല്‍ ഉലമയായിരുന്നു അന്ന് അവിടത്തെ ഖാസി. അതുവഴി അദ്ദേഹവുമായി കൂടുതല്‍ അടുക്കാനും പല മസ്അലകളിലും നേരിട്ട് സംശയം തീര്‍ക്കാനും സാധിച്ചു. ശേഷം പത്തു വര്‍ഷം അണ്ടോണ ദര്‍സിലും നാലു വര്‍ഷം താമരശ്ശേരി കുടുക്കിലമ്മാരം പള്ളിയിലും സേവനം ചെയ്തു. മങ്ങാട് പള്ളിയിലായിരുന്നു പിന്നീട് ദര്‍സ്. രണ്ടു വര്‍ഷമായപ്പോഴേക്കും കിഡ്‌നിക്ക് അസുഖം പിടിപെടുകയും ക്ലാസ് തുടരല്‍ പ്രയാസമാവുകയും ചെയ്തു. ഡയാലിസിസ് ആരംഭിച്ചതോടെ ദര്‍സ് നിര്‍ത്തി വീട്ടിലേക്കു തിരിച്ചു. മൂന്നു മാസത്തോളം വീട്ടില്‍വച്ച് ദര്‍സ് തുടര്‍ന്നു. അടുത്ത പള്ളിയിലായിരുന്നു കുട്ടികളുടെ താമസം. ശേഷം, വീട്ടില്‍നിന്നു പോയി, പുത്തൂര്‍ പള്ളിയില്‍ മൂന്നു വര്‍ഷത്തോളം ദര്‍സ് നടത്തി. ക്ഷീണം കൂടിയതോടെ അതും നിര്‍ത്തി. കുറേ കാലം വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഒപ്പം പലയിടങ്ങളിലായി ഫിഖ്ഹ് ക്ലാസുകളും നടത്തിവരുന്നു. കരീറ്റിപ്പറമ്പിലെ മദ്‌റസയില്‍വച്ച് നടന്നുവരുന്ന ക്ലാസ് അതില്‍ പ്രധാനപ്പെട്ടതാണ്. പി.സി. ഉസ്താദ് തുടങ്ങിവച്ച ഫിഖ്ഹ് ക്ലാസ് മാസത്തിലൊരിക്കല്‍ സ്വന്തം വീട്ടില്‍ വച്ചുതന്നെ നടന്നുവരുന്നുണ്ട്. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍വച്ച് സമസ്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഫിഖ്ഹ് ക്ലാസാണ് മറ്റൊന്ന്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാരുടെയും സമസ്ത മുശാവറയുടെയും അംഗീകാരത്തോടെയാണ് ഇത് തുടങ്ങിയിരുന്നത്. സമസ്ത മണ്ഡലം കമ്മിറ്റി ആദ്യമായി രൂപീകരിക്കപ്പെടുന്നത് കൊടുവള്ളിയിലാണ്.സമസ്ത കൊടുവള്ളി മണ്ഡലം കമ്മിറ്റി സ്ഥാപക പ്രസിഡണ്ട്, സമസ്ത കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പര്‍, സമസ്ത കോഴിക്കോട് ജില്ല കമ്മിറ്റി വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2022 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കെടയത്തൂര്‍ ശിആറുല്‍ ഇസ്്‌ലാം മദ്‌റസ പ്രസിഡണ്ട്, നടമ്മല്‍പൊയില്‍ ജുമാമസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയിടെ നടന്ന പി. സി. ഉസ്താദിന്റെ പുസ്തക പ്രകാശന ചടങ്ങിൽ അബ്ദുള്ള മുസ്ലിയാരും സംബന്ധിച്ചിരുന്നു.പി.സി. ഉസ്താദിന്റെ മൂത്ത മകള്‍ ആഇശയാണ് ഭാര്യ. മുഹമ്മദലി ഫൈസി, കുഞ്ഞാലന്‍ കുട്ടി ഫൈസി, അഷ്‌റഫ്, സിദ്ധീഖ് ഫൈസി, ഫത്വിമ സഹ്‌റ, ഖദീജതുല്‍ കുബ്‌റ എന്നിവര്‍ മക്കളാണ്.