ഇന്ന് ശിശുദിനം. ജവഹർലാൽ നെഹ്രുവിന്റെ 133-ാം ജന്മദിനം. ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്. രാജ്യാന്തര തലത്തിൽ നവംബർ 20 നാണ് ശിശുദിനം.ആ റോസാപ്പൂവിനു പിന്നിലും ഒരു കഥയുണ്ട്ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസവും എത്താറുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാനായി ക്യൂവിൽനിന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്. ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു.പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി. ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്‍റെ നീണ്ട സമരങ്ങള്‍‌ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്. ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്‍റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.എന്തിനാണ് ശിശിദിനം ആചരിക്കുന്നത്?കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!