കോഴിക്കോട്: നൂറുകണക്കിന് നഴ്‌സുമാരുടെ ഒഴിവുകളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ നികത്താതെ കിടക്കുന്നത്. ഒഴിവുകൾ നികത്താത്തതിനെത്തുടർന്ന് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നഴ്സുമാരുടെ ക്ഷാമമുണ്ട്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കീഴിൽ നഴ്‌സിങ് വിഭാഗത്തിൽ പ്രവേശന തസ്തികയായ നഴ്‌സിങ് ഓഫീസർ മുതൽ സ്ഥാനക്കയറ്റ തസ്തികയായ നഴ്‌സിങ് ഓഫീസർ ഗ്രേഡ്-വൺ വരെ രണ്ടുവിഭാഗങ്ങളിലായുള്ള 3,520 തസ്തികകളിൽ 884 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ നഴ്‌സിങ് ഓഫീസർമാരുടെ 379 ഒഴിവുകൾ ഇതുവരെയും നികത്തിയിട്ടുമില്ല.കൂടാതെ 2021 ഡിസംബർ മൂന്നുമുതൽ ഈ വർഷം സെപ്‌റ്റംബർ വരെയായി ആറു ജില്ലകളിലെ ആശുപത്രികളിൽ നഴ്‌സിങ് ഓഫീസർമാരിൽ ഗ്രേഡ് ഒന്ന് തസ്തികയിലേക്ക് 421-ഉം സീനിയർ നഴ്‌സിങ് ഓഫീസർമാരുടെ 84-ഉം ഒഴിവുകളുണ്ട്. ഈ 505 തസ്തികകളിൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത് 406 ഒഴിവുകൾ മാത്രം. മൂന്നുവർഷംമുമ്പ് റിപ്പോർട്ട് ചെയ്ത ഒഴിവുകൾപോലും ഇതിലുണ്ട്. വ്യത്യസ്ത തീയതികളിലായി 2022-ൽ അഞ്ചുതവണയും 2023-ൽ എട്ടുതവണയും ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ, കരാറടിസ്ഥാനത്തിൽ ഈ തസ്തികകളിൽ ജോലിചെയ്യുന്നവരുടെ ഒഴിവുകൾ കമ്മിഷന് റിപ്പോർട്ട് ചെയ്യാറില്ല. ഇതിനിടെ നഴ്‌സുമാർ അനുമതിയില്ലാതെ അവധിയെടുത്ത് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അനധികൃത അവധിയിലുള്ള 83 പേരിൽ 80 പേർ നിലവിൽ വിദേശത്താണ്.വിവിധ മെഡിക്കൽ കോളേജുകളിലായി നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് ഓഫീസർ ഗ്രേഡ്-ഒന്ന് തസ്തികയിലാണ് 83 പേർ അനധികൃത അവധിയിലുള്ളത്. ആറുമാസത്തിൽ കൂടുതൽ ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്നവരുടെ ഒഴിവ് അതത് സമയം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണം. മറ്റുതരത്തിൽ അനധികൃത അവധിയിലുള്ളവർക്ക് നോട്ടീസ് നൽകി തുടർന്നുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുകയാണ് പതിവ്.ഇതിനുശേഷം സർവീസിൽനിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികളെടുക്കും. ഇതിനുശേഷമാണ് പി.എസ്.സി.ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം തുടങ്ങുമ്പോൾ സുഗമമായ പ്രവർത്തനത്തിന് 120 പേരെങ്കിലും വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുതുതായി ഈ വിഭാഗത്തിൽ ഒരു തസ്തികപോലും സൃഷ്ടിച്ചിട്ടില്ല.