കൊല്ലം: ഇംപോസിഷൻ എഴുതാത്തതിന് വിദ്യാർത്ഥിയെ ട്യൂഷൻ മാസ്റ്റർ ക്രൂരമായി മർദിച്ചു. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചത്. അദ്വൈദ് രാജീവിനാണ് അധ്യാപകന്റെ മർദ്ദനമേറ്റത്.ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. ഇംപോസിഷൻ എഴുതാത്തതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് ട്യൂഷൻ മാസ്റ്റർ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- അദ്വൈദ് പറഞ്ഞു.‘ഞങ്ങളും അടികൊണ്ടാണ് വളർന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമർദനമാണ് നടന്നത്. മകൻ തലവേദനയെ തുടർന്ന് എംആർഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മർദിച്ചത്’ -മാതാപിതാക്കൾ പറയുന്നു. ഇതിന് മുൻപും റിയാസ് എന്ന അധ്യാപകൻ മകനെ ചൂരൽ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാൽ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവിൽ കുഞ്ഞിന് കിട്ടിയ മർദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ്പറഞ്ഞു.