കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ ശിക്ഷാവിധി നവംബർ 4ന്. സമാനതകളില്ലാത്ത രീതിയിൽ കുട്ടിയെ ക്രൂരമായ പീഡനത്തനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ എറണാകുളം പോക്സോ കോടതിയാണ് നവംബർ നാലിന് വിധി പറയുന്നത്. ഒക്ടോബർ 4 ന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പോലീസ് പൂർത്തിയാക്കിയത്. കേസിലെ പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.2023 ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കിയാണ് കൊലപ്പെടുത്തിയത്. ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.കേസിൽ ഇതുവരെ 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്‌ഫാക് ആലത്തെ വിസ്തരിച്ചത്. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.