അടിമാലി: റേഷൻ കടകളിൽ വെള്ള അരി മുടങ്ങിയതിന് പുറമെ പഞ്ചസാര വിതരണവും മുടങ്ങി. മഞ്ഞ കാർഡിനുള്ള (എ.എ.വൈ) പഞ്ചസാര വിതരണമാണ് മുടങ്ങിയത്. ഏജൻസികൾക്ക് കുടിശ്ശികയുള്ളതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഞ്ചസാര വരാതിരിക്കാൻ കാരണം. എല്ലാ വിഭാഗത്തിനും കൊടുക്കേണ്ട വെള്ള അരിയാണ് മുടങ്ങിയത്.അന്ത്യോദയ കാർഡിന് മാസത്തിൽ ഒരുകിലോ വീതമാണ് പഞ്ചസാര വിതരണം ചെയ്തിരുന്നത്. ഇതാണ് രണ്ട് മാസമായി മുടങ്ങിക്കിടക്കുന്നത്. പച്ചരിയാണ് കൂടുതലായി നൽകുന്നതെന്നും ആക്ഷേപമുണ്ട്. വെള്ള അരി ഒരു കടയിലും ഇല്ല. കുത്തരി നൽകുന്നുണ്ടെങ്കിലും ആവശ്യത്തിനില്ല.ദേവികുളം താലൂക്കിൽ തോട്ടം തൊഴിലാളികളും ആദിവാസികളും വെള്ള അരിയാണ് പ്രധാനമായി ഉപയോഗിക്കുന്നത്. അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽനിന്നാണ് ദേവികുളം താലൂക്കിൽ റേഷൻ സാധനങ്ങൾ എത്തുന്നത്. എറണാകുളം ജില്ലക്ക് സർക്കാർ നൽകുന്ന വിഹിതംപോലെ ദേവികുളത്തിനും നൽകുന്നു. ഇതാണ് പ്രധാന പ്രശ്നം.ജില്ലയിൽ മറ്റ് താലൂക്കുകളിൽ അറക്കുളത്തുനിന്നാണ് വിതരണം. ഈ ഡിപ്പോ വഴി ദേവികുളത്തും അരി ഉൾപ്പെടെ എത്തിച്ചാൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.