മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് മകനെ കോടാലികൊണ്ട് അടിച്ചുകൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ അമ്മ സാവിത്രി (68)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുണ്ടക്കയം കുഴിമാവ് 116 ഭാഗത്ത് തോപ്പിൽ ദാമോദരൻ്റെ മകൻ അനുദേവൻ (45) ആണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ അനുദേവ് ‘അമ്മയുമായി തര്‍ക്കം പതിവ് ആയിരുന്നു. വഴക്കിനെ തുടർന്ന് സാവിത്രിയെ മകൻ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ‘അമ്മ കോടാലി ഉപയോഗിച്ച് മകൻ്റെ തലക്കടിച്ചു വീഴ്ത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അനുദേവൻ മരിച്ചത്.അനുദേവനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിൻ്റെ അമ്മ സാവിത്രിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ 20നാണ് അനുദേവനെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൈയാലയിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് അമ്മയും ബന്ധുക്കളും ചേർന്ന് അനുദേവനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് അനുദേവൻ്റെ പരിക്ക് ഗുരുതരമായിരുന്നു എന്നാണ് ആശുപത്രിയിൽ വൃത്തങ്ങൾ അറിയിച്ചത്. യുവാവിന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും തിങ്കളാഴ്ച പുലർച്ചയുടെ അനുദേവൻ മരണപ്പെടുകയായിരുന്നു.അതേസമയം മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ‘അമ്മ പിടിയിലാകുന്നത്. കോടാലി കൊണ്ടുള്ള അടിയിൽ യുവാവിൻ്റെ തലയ്ക്ക് ഗുരുതരമായ പരിക്കായിരുന്നു ഏർപ്പെട്ടിരുന്നത്. സാധാരണ വീഴ്ചയിൽ ഇത്രത്തോളം വലിയ പരിക്ക് ഉണ്ടാകില്ലെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു. ഭാരമുള്ള ഏതോ വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാകാം എന്ന് നിഗമനത്തിലായിരുന്നു പൊലീസ്. തുടർന്ന് സമൂഹത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.പരിക്കേറ്റ നിലയിൽ അനുദേവനെ ആശുപത്രിയിൽ എത്തിച്ച ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. ബന്ധുക്കളിൽ മാതാവിനെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു അവർ പറഞ്ഞതെന്നാണ് സൂചനകൾ. കൂടുതൽ ചോദ്യം ചെയ്യലിൽ സാവിത്രി കുറ്റം സമ്മതിക്കുകയായിരുന്നു. മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് താനാണെന്ന് സാവിത്രി പൊലീസിനോട് വ്യക്തമാക്കി.സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വൃത്തിയായിരുന്നു മകൻ അനുദേവനെന്ന് സാവിത്രി പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് വീട്ടിലെത്തിയാൽ ബന്ധുക്കളെ ഉപദ്രവിക്കുന്നത് അനുദേവൻ്റെ പതിവായിരുന്നു. സഹിക്കാൻ കഴിയാതെ ചെയ്തുപോയെന്നാണ് സാവിത്രി പൊലീസിനോട് വ്യക്തമാക്കിയത്. തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് മകൻ്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു എന്നും സാവിത്രി പൊലീസിനോട് പറഞ്ഞു. തുടർന്ന് അപകടത്തിൽ പരിക്കേറ്റു എന്ന വ്യാജേന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സാവിത്രിയെ കോടതിയിൽ ഹാജരാക്കി.