പീരുമേട്: അവധി ആഘോഷമാക്കുകയാണ് കുട്ടികളും മുതിർന്നവരും. അടുപ്പിച്ചുള്ള അവധിയിൽ അടിച്ച് പൊളിക്കാൻ ജനത്തിരക്കാണ് ഇടുക്കിയിൽ. ഇപ്പോൾ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. പച്ചപ്പും മഞ്ഞുമൊക്കെ ആസ്വദിക്കുകയാണ് സഞ്ചാരികൾ. ഞായറാഴ്ച വൈകീട്ട് വരെ മഴ മാറിനിന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ജനസാന്ദ്രമായി. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച നൂറുകണക്കിന് ആളുകളാണ് എത്തിയത്.രാവിലെ മുതൽ സഞ്ചാരികളുടെ വാഹനങ്ങൾ പ്രവഹിച്ചതിനാൽ ഏലപ്പാറ-വാഗമൺ റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭപ്പെട്ടു. ദേശീയപാത 183ൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ വാഹനങ്ങളുടെ നിരയായിരുന്നു. വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികളുടെ ബാഹുല്യവും റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായി. പാലത്തിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സ്വഷ്ടിക്കുന്നു.പരുന്തുംപാറയിൽ സഞ്ചാരികളുടെ വൻ തിരക്കാണ് ഉണ്ടായത്. മൊട്ടക്കുന്നുകൾ സഞ്ചാരികളാൽ നിറഞ്ഞു. അടുത്ത ദിവസങ്ങളിലും വൻ തിരക്ക് പ്രതിക്ഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.