കണ്ണൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തൃച്ചംബരം യു പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) ബസ് അപകടത്തിൽ പരിക്കേറ്റത്. തളിപ്പറമ്പ് കപ്പാലത്ത് ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. പിന്നാലെ നാട്ടുകാർ ബസ് അടിച്ചുതകർത്തു.സൈക്കിളിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് ഒട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന ബസ് അമിത വേഗത്തിലെത്തി കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ കുട്ടി ദൂരേക്ക് തെറിച്ച് പോയി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്ത് കേടുപാട് പറ്റിയത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് ശേഷമാണ് രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചുതകർത്തത്.