കണ്ണൂർ: സഹകരണ ബാങ്ക് ജീവനക്കാരൻ തന്റെ സ്വകാര്യ ഭാഗങ്ങൾ ഫോണിൽ പകർത്തിയെന്ന പരാതിയുമായി യുവതി. കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ക്ലർക്ക് ഷിജിനെതിരെയാണ് കൂത്തുപറമ്പ് സ്വദേശിനിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമത്തിനും ഐടി ആക്ട് പ്രകാരവുമാണ് ക്ലർക്ക് ഷിജിനെതിരെ കേസ്. ഇയാൾ ഒളിവിലാണ്. കൂടെയുണ്ടായിരുന്ന ജീവനക്കാരനെതിരെയും വീട്ടമ്മയുടെ മൊഴിയുണ്ടെങ്കിലും ഇയാളെ നിലവിൽ പ്രതി ചേർത്തിട്ടില്ല.വീട്ടിൽ കുടിശ്ശിക നോട്ടീസ് നൽകാനെത്തിയപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ പരാതി. സഹോദരനെടുത്ത വായ്പക്ക് വിദേശത്തുളള ഭർത്താവ് ജാമ്യം നിന്നിരുന്നുവെന്ന് യുവതി പറയുന്നു. വായ്പ കുടിശ്ശികയായതിനെത്തുടർന്ന് നോട്ടീസ് നൽകാൻ രാവിലെ പത്തരയോടെ അർബൻ ബാങ്കിലെ ക്ലർക്ക് ഷിജിനും മറ്റൊരു ജീവനക്കാരനും വീട്ടി്ലെത്തി. നോട്ടീസ് കൈപ്പറ്റിയ ശേഷം ജീവനക്കാർ നൽകിയ കടലാസിൽ ഒപ്പിടുന്ന സമയത്ത് ഷിജിൻ ഫോണിൽ സ്വകാര്യ ഭാഗങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ പരാതി.വീട്ടമ്മയുടെ മകൾ ഇത് ശ്രദ്ധിക്കുകയും ബാങ്ക് ജീവനക്കാരോട് ചോദിക്കുകയും ചെയ്തു. വീഡിയോ ഡിലീറ്റാക്കിയ ശേഷം ഫോൺ നൽകിയെങ്കിലും മകൾ അത് വീണ്ടെടുത്തു. അത് കണ്ടയുടൻ രണ്ട് പേരും അവിടെ നിന്ന് പോയെന്ന് പരാതിയിൽ പറയുന്നു.