തിരുവനന്തപുരം: മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്ക് തുള്ളല്‍ എന്നതുതന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണ് നിങ്ങളുടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ? അറസ്റ്റിലായ അഖില്‍ സജീവും ബാസിതും നിങ്ങളുടെ പാളയത്തില്‍ തന്നെയുള്ള ക്രിമിനലുകളല്ലേയെന്നും സതീശന്‍ ചോദിച്ചു.ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് സതീശന്‍ പറഞ്ഞു. വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രിക്കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലകളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചുപറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്നില്ലേ അഖില്‍ സജീവെന്നും സതീശന്‍ ചോദിച്ചു. സി.ഐ.ടി.യു ഓഫീസ് കേന്ദ്രീകരിച്ചും ഇയാള്‍ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിയെടുത്തെന്ന് നിങ്ങളുടെ നേതാക്കള്‍ തന്നെ പരാതിപ്പെട്ടിട്ടില്ലേ? എന്നിട്ടും നിങ്ങളുടെ പൊലീസ് എപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്? സി.ഐ.ടി.യു നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയില്‍നിന്ന് മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താന്‍ അഖില്‍ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പോലീസുമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!