കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്കായ അടിവാരം സ്വദേശിയായ പിഡി ടോമിയാണ് പിടിയിലായത്. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനാണ്. 86000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്.എന്നാൽ പരാതിക്കാരൻ ക്ലർക്ക് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ന് പരാതിക്കാരൻ ടോമിക്ക് പണം നൽകാനെത്തിയത്. വിജിലൻസ് സംഘം സമീപത്തുള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടോമിയെ ഉദ്യോഗസ്ഥർ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.സംസ്ഥാനത്ത് സമീപകാലത്ത് കൈക്കൂലി കേസിൽ നിരവധി അറസ്റ്റുകളാണ് നടന്നത്. എന്നിട്ടും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ പതിവ് പോലെ ഇത് തുടരുന്നത് സാധാരണക്കാർക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വീടിന് നമ്പറിടുന്നതിന് മുതൽ വീട് നഷ്ടമായതിന്റെ നഷ്ടപരിഹാരം കിട്ടാൻ വരെ ലക്ഷങ്ങൾ വരെ ഉദ്യോഗസ്ഥന് കൈക്കൂലിയായി നൽകേണ്ട സ്ഥിതിയാണ്.സമാനമായ കേസിൽ തൃശ്ശൂർ വിജിലൻസ് കോടതി പാലക്കാട് ‌അമ്പലപ്പാറ പഞ്ചായത്തിലെ മുൻ സെക്രട്ടറി എൻആർ രവീന്ദ്രനെ ശിക്ഷിച്ചിരുന്നു. ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2011 ൽ ഹംസ എന്ന വ്യക്തിക്ക് ബിൽഡിങ് പെർമിറ്റ് നൽകാൻ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. ഹംസ വിവരമറിയിച്ച് പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി വാങ്ങുന്നതിനിടെ രവീന്ദ്രനെ പിടികൂടിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!