പത്തനംതിട്ട: മൂന്നരവയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി (32) നെയാണ് കൊടതി ശിക്ഷിച്ചത്. ദൃക്‌സാക്ഷിയുണ്ടെന്ന അപൂർവതയുള്ള കേസിൽ അടൂർ ഫസ്റ്റ് ട്രാക്ക് ആന്റ് സ്പെഷ്യൽ ജഡ്ജി എ സമീറിൻ്റെതാണ് വിധി. അപൂർവമായാണ് ഇത്രയും കൂടിയകാലയളവ് ശിക്ഷ വിധിക്കുന്നത്, ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും.ദൃക്‌സാക്ഷി എട്ടുവയസുകാരിയായ മൂത്തകുട്ടിയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു, ഇതിന് അടൂർ പോലീസ് ആദ്യം കേസ് എടുത്തിരുന്നു. ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെതുടർന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. വിനോദ് കേസിൽ ഒന്നാം പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു രാജമ്മയാണ് രണ്ടാം പ്രതി, ഇവരെ കോടതി താക്കീത് നൽകി വിട്ടയച്ചു.പ്രതി മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ വെച്ച് 2021 ഡിസംബർ 18 ന് രാത്രി എട്ടരയ്ക്കാണ് കുട്ടിയെ പീഡിപ്പിച്ചത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കുമാണ് കേസെടുത്തത്. എന്നാൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. മൂത്തകുട്ടിയെ ബാലാൽസംഗം ചെയ്തതിന് രജിസ്റ്റർ ചെയ്ത ആദ്യകേസിൽ വിചാരണ ഈ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടർന്നാണ് അടൂർ പോലീസിനെ സമീപിച്ചതും കേസെടുപ്പിച്ചതും.ദൃക്സാക്ഷി ഉള്ളതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്സായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പോക്സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50000 രൂപ പിഴയും, പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50000 രൂപയും, പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും, 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും, 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ പതിനെട്ട് രേഖകളും പതിനേഴ് സാക്ഷികളെയും ഹാജരാക്കി. പ്രോക്സിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിതാ ജോൺ പി ഹാജരായി.