കൊപ്പം: ദമ്പതിമാരുടെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുലുക്കല്ലൂർ മുളയങ്കാവ് താഴെപുരയ്ക്കൽ ഷാജി(46), ഭാര്യ സുചിത്ര(37) എന്നിവരുടെ മരണത്തിലാണ് ഇപ്പോൾ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.നെഞ്ചിലും പുറത്തുമായി കത്തികൊണ്ട് കുത്തിയ 13-ലേറെ മുറിവുകളാണ് സുചിത്രയുടെ ദേഹത്ത് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. ഷാജി ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്തതാണെന്ന് ഷൊർണൂർ ഡിവൈ.എസ്.പി. സി. ഹരിദാസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് പോലീസിന് ലഭിച്ച വിവരം. സുചിത്രയുടെ മൃതദേഹത്തിന് എഴുദിവസത്തോളം പഴക്കമുള്ളതായി പരിശോധനയിൽ വ്യക്തമായി. ഷാജിയുടെ മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കവും കണക്കാക്കുന്നു.അഞ്ചുവർഷമായി മകനോടൊപ്പം മുളയങ്കാവിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. സെപ്റ്റംബർ 28 മുതൽ മകൻ, ഷാജിയുടെ അമ്മയുടെ കൂടെയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഷാജിയെ പുറത്തുകാണാതെവന്നപ്പോൾ വീട്ടുടമ ഞായറാഴ്ച വൈകുന്നേരം അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സുചിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന്, കൊപ്പം പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ്, അടുക്കളഭാഗത്ത് ഷാജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന്, രണ്ടുമൃതദേഹങ്ങളും ഇൻക്വസ്റ്റ് നടത്തി. സുചിത്രയെ കുത്താൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. സുചിത്രയുടെ മൃതദേഹം കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗധരും സ്ഥലത്ത് പരിശോധന നടത്തി. ഭാര്യയെ കൊലപ്പെടുത്തിയശേഷം മുറി പൂട്ടിയ ഷാജി പിന്നീട് വീടിനുള്ളിൽതന്നെ താമസിച്ചിരുന്നെന്നാണ് മൃതദേഹത്തിന്റെ പഴക്കം സൂചിപ്പിക്കുന്നത്.ഷൊർണൂർ ഡിവൈ.എസ്.പി. സി. ഹരിദാസ്, ഒറ്റപ്പാലം സി.ഐ. സുജിത്, ചാലിശ്ശേരി സി.ഐ. സതീഷ്‌കുമാർ, കൊപ്പം എസ്.ഐ. എം.ബി. രാജേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. തൃശ്ശൂരിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!