മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് മരിച്ചത്. മൂന്നുപേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കവേ ആയിരുന്നു പ്രജിത്തിന്‌ കുത്ത് ഏൽക്കുന്നത്. സുഹൃത്ത് കുഴിയംപറമ്പ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി നൗഫലിനും കുത്തേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ് നൗഫൽ. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തായാണു സൂചന.ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജി.എല്‍.പി. സ്‌കൂളിനു സമീപമാണ് കൊലപാതകം.അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതര്‍ക്കമായി. അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പ്രജിത്ത്, നൗഫലിനെ സംഘം പിടിച്ചുതള്ളുന്നതുകണ്ട് അന്വേഷിക്കാനെത്തി. നൗഫലിനെ കത്തികൊണ്ടു കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേറ്റതായാണു വിവരം.നൗഫലിന് കൈക്കാണ് കുത്തേറ്റത്. കുത്തേറ്റ പ്രജിത്ത് ഓടുന്നതിനിടെ റോഡരികില്‍ വീണു. ഇതിനിടെ അക്രമിസംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പ്രജിത്ത് അവിവാഹിതനാണ്.അമ്മ: പാര്‍വതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രണവ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!