ഹാങ്ചൗ: ഷൂട്ടിങ് റേഞ്ചിനു പിന്നാലെ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലും മെഡലുകൾ നേടിക്കൂട്ടി ഇന്ത്യ. ജാവലിൻ ത്രോയിൽ അന്നു റാണി ഇന്ത്യക്ക് ഗെയിംസിലെ 15ാം സ്വർണം സമ്മാനിച്ചു. ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത് ഇതാദ്യമായിട്ടാണ്. ഇതിനുമുന്‍പ് 1958-ല്‍ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.ഫൈനലില്‍ 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അന്നു സ്വര്‍ണം കഴുത്തിലണിഞ്ഞത്. 31 കാരിയായ അന്നു ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. 2014-ല്‍ താരം വെങ്കലം നേടിയിരുന്നു. ഈയിടെ അവസാനിച്ച കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ അന്നു വെങ്കലം നേടിയിരുന്നു.കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും താരം മികവ് പുലര്‍ത്തി. നാലാം ശ്രമത്തിലാണ് അന്നു 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയത്. അതുവരെ ശ്രീലങ്കയുടെ ഹതരബാഗാണ് ലീഡ് ചെയ്തത്. അന്നുവിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം 63.24 മീറ്ററാണ്.