മഞ്ചേരി: ശരവേഗത്തിൽ പാഞ്ഞ ഹബീബിന്റെ ഓട്ടം ഇന്ന് സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്. കൊച്ചു മിടുക്കനായ ഈ ഒന്നാം ക്ലാസുകാരന്റെ ഓട്ടമത്സര വീഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ചതോടെ ഹബീബ് സ്കൂളിലെ സ്റ്റാറായി. ‘അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319-ാം നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.രണ്ട് ദിവസങ്ങളിലായി സ്കൂളിൽ നടന്ന കായിക മേളയിൽ 50 മീറ്റർ ഓട്ടത്തിലാണ് രസകരമായ സംഭവം അരങ്ങേറിയത്. കുട്ടികളെയെല്ലാം ട്രാക്കിൽ നിർത്തി അധ്യാപകൻ വിസിൽ കൈയിൽ എടുത്തപ്പോഴേക്കും ഹബീബ് ഓട്ടം തുടങ്ങി. ആവേശം ട്രാക്കിലായതോടെ മറ്റു മത്സരാർഥികളും പിന്നിൽ വെച്ചുപിടിച്ചു.പക്ഷേ, ഹബീബ് അതിവേഗം മുന്നേറിയിരുന്നു. സ്കൂളിലെ പ്യൂൺ സുനിൽ ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് അധ്യാപകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മന്ത്രിയും ഏറ്റെടുക്കുകയായിരുന്നു. മത്സരം രണ്ടാമതും നടത്തിയെങ്കിലും ഹബീബിനെ പരാജയപ്പെടുത്താനായില്ല. പയ്യനാട് മുക്കം കുന്നുമ്മൽ മുഹമ്മദിന്റെയും സാബിറയുടെയും മകനാണ് ഹബീബ്.