തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അക്കാദമിക് വിദഗ്ധരായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തുവെന്ന് ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. നാമനിര്‍ദേശം ചെയ്ത ആറുപേരില്‍ മൂന്നുപേര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് ആരോപണം.ഇവര്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റ പോലുമോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസമന്ത്രി നേരിട്ട് നാമനിര്‍ദേശം ചെയ്തതെന്നുമാണ് ആക്ഷേപം.സര്‍വകലാശാല നിയമപ്രകാരം സിന്‍ഡിക്കേറ്റിലേക്ക് ആറ് വിദ്യാഭ്യാസ വിചക്ഷണരെ സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാവുന്നതാണ്. പ്രസ്തുത വകുപ്പ് പ്രകാരം സിന്‍ഡിക്കേറ്റ് മൂന്നു സര്‍വകലാശാല പ്രൊഫസര്‍മാരോടൊപ്പമാണ് പൂര്‍ണസമയ രാഷ്ട്രീയപ്രവര്‍ത്തകരായ ജെ.എസ്. ഷിജു ഖാന്‍, അഡ്വ. ജി. മുരളീധരന്‍ പിള്ള, ആര്‍. രാജേഷ് എം.എല്‍.എ. എന്നിവരെക്കൂടി നാമനിര്‍ദേശം ചെയ്തത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം ഇവര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 51 ക്രിമിനല്‍ കേസുകളില്‍ ഇപ്പോഴും പ്രതികളാണ്. ഇവരുടെ യോഗ്യതകള്‍ സംബന്ധിച്ച ബിയോഡേറ്റകള്‍ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നാമനിര്‍ദേശം ചെയ്തതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.സര്‍വകലാശാല നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചു നടത്തിയിട്ടുള്ള മൂന്നുപേരുടെ നാമനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും പകരം ആക്കാദമിക് വിദഗ്ധരെ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!