കോഴിക്കോട്: വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ബൈക്ക് യാത്രികരെ രണ്ടുദിവസത്തിനുശേഷം പിടികൂടി പോലീസ്. അപകടശേഷം പിന്‍സീറ്റിലിരുന്ന് നമ്പര്‍പ്ലേറ്റ് മറച്ചാണ് ഇവര്‍ യാത്രതുടര്‍ന്നത്. കോഴിക്കോട് കക്കോടി പത്തേങ്ങല്‍താഴം സ്വദേശി അര്‍ഷാദ് (18), സുഹൃത്തായ കോഴിക്കോട് മാളിക്കടവ് സ്വദേശി അജ്മല്‍ ഫഹദ്(18) എന്നിവരാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. റോഡിലെ അമ്പതിലധികം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ കൊടുവള്ളി പോലീസ് വലയിലാക്കിയത്. ഇവരുടെ ബൈക്കും പിടികൂടി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാരന്‍ ചികിത്സയിലാണ്. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് ബോധപൂര്‍വം മറച്ചുപിടിച്ചതിന് കൂടെസഞ്ചരിച്ച ആളെ തെളിവുനശിപ്പിച്ചതിന് പ്രതിചേര്‍ത്തിട്ടുണ്ട്. കൊടുവള്ളി ആര്‍.ടി.ഒ.യുമായി ബന്ധപ്പെട്ട് ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര, ബിജുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.ബി. ബിനേഷ്, ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെയും ബൈക്കും പിടികൂടിയത്.