തിരുവനന്തപുരം: അമ്മ രജിതയെ തനിച്ചാക്കി ദേവു ചന്ദനയുടെ ദുരിത ജീവിതത്തിന് വിരാമം. ഉത്സവ പറമ്പിലെ ഒരൊറ്റ ഡാൻസിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പന്ത്രണ്ടുകാരിയുടെ മൂന്നു വർഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനാണ് അന്ത്യമായത്. തലച്ചോറിലെ തീവ്ര വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദേവു ചന്ദന മരിച്ചത്.ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേത് കിഴക്കേക്കരയിൽ ബി.ചന്ദ്രബാബുവിന്റെയും രജിതയുടെയും മകൾ 2020 ജൂണിൽ പെട്ടെന്നുണ്ടായ പനിയെത്തുടർന്നാണ് കിടപ്പിലായത്. 2020 ജൂൺ മുതൽ അബോധാവസ്ഥയിലായിരുന്നു ദേവു ചന്ദന. ആദ്യം സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അബോധാവസ്ഥയിലായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ലക്ഷത്തിൽ ഒരാൾക്കു മാത്രം വന്നേക്കാവുന്ന അപൂർവ രോഗം. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബു മകൾ ആശുപത്രിയിലായതിന്റെ നാലാം നാൾ ആശുപത്രി പരിസരത്തു ജീവനൊടുക്കി. ഈ ആഘാതത്തിനിടയിലും പിടിച്ചുനിന്ന ര‍ജിത മകളുടെ ചികിത്സയ്ക്കായി നെട്ടോട്ടമോടി.ര‍ജിതയുടെ വീടായ കൊല്ലം ശൂരനാട് ആനയടി രമ്യഭവനത്തിലും ആശുപത്രിയിലുമായി ഇവർ മാറിമാറി കഴിയുകയായിരുന്നു. ഒരാഴ്ച മുൻപാണ് അണുബാധയെത്തുടർന്ന് ദേവുവിനെ അവസാനമായി ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചത്തെ ചികിത്സ വേണ്ടിവരുമെന്നു ഡോക്ടർമാർ അറിയിച്ചെങ്കിലും അതു പൂർത്തിയാകുംമുൻപ് ദേവു മരിച്ചു. ശൂരനാട് ആനയടിയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നു നൂറനാട്ടെ സ്കൂളിലും അച്ഛൻ ചന്ദ്രബാബുവിന്റെ വീട്ടിലുമുള്ള പൊതുദർശനത്തിനു ശേഷം 3 ന് ആനയടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.ഒരു ഉത്സവപ്പറമ്പിലെ തകർപ്പൻ ഡാൻസ് വിഡിയോയിലൂടെയാണ് ദേവു ശ്രദ്ധ നേടിയത്. പിന്നാലെ ടിവി ചാനലുകളിലും ദേവു നൃത്തം അവതരിപ്പിച്ചു. നൂറനാട് ഗവ.യുപി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!