ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരി​ഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. 2017ൽ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ തവണ സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്.നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!