ആലപ്പുഴ: മകൾ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയിൽ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. ഓട്ടോറിക്ഷാ ഡ്രൈവറാണ് നജീബ്.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. ഇവിടുത്തെ റോഡിൽ സിമന്റ് കട്ടകൾ ഇളകിക്കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമൻറ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇളയ മകൾ: ആൽഫിയ.