ന്യൂഡൽഹി: അനിശ്ചിതത്വത്തിനൊടുവിൽ രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ വിലക്ക് ലംഘിച്ചും സമരം നടത്തുമെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് സത്യാഗ്രഹ സമരത്തിന് അനുമതി നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഗാന്ധി സമാധിയിലും സത്യാഗ്രഹം നടക്കുന്നത്.ക്രമസമാധാനവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് ആദ്യം സത്യാഗ്രഹ സമരത്തിന് അനുമതി നിഷേധിച്ചത്. രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവിടെ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നത് നിയമവിരുദ്ധമാണെന്നും ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസിന്റെ നടപടികളെല്ലാം അവഗണിച്ചുകൊണ്ട് സത്യാഗ്രഹം നടത്തുമെന്ന് കോൺഗ്രസും നിലപാടെടുത്തു. പിന്നീട് പൊലീസ് സത്യാഗ്രഹ സമരത്തിന് അനുമതി നൽകുകയായിരുന്നു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളെല്ലാം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റിൽ ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കിയ ശേഷം, രാജ്ഘട്ടിലും സമാധാനപരമായ സത്യാഗ്രഹം നടത്താൻ സർക്കാർ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു.‘എല്ലാ പ്രതിപക്ഷ പ്രതിഷേധങ്ങളും അനുവദിക്കാതിരിക്കുക എന്നത് മോദി സർക്കാരിന്റെ ശീലമായി മാറിയിരിക്കുന്നു. ഇത് ഞങ്ങളെ പിന്തിരിപ്പിക്കില്ല, സ്വേച്ഛാധിപത്യത്തിനെതിരെ സത്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം തുടരും’ അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമകൾക്ക് മുന്നിലും സത്യാഗ്രഹം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.