ഇൻസ്റ്റാ ഗ്രാമിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റ​ഗ്രാമിൽ നിന്നും ഡേറ്റാചോർച്ചയുണ്ടായി എന്നാണ് റിപ്പോർട്ട്. ഏകദേശം 1.75 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്‌സ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ ഡാറ്റ ഇപ്പോൾ ഡാർക്ക് വെബ്ബിലെ വിവിധ ഹാക്കർ ഫോറങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതായാണ് വിവരം.ചോർന്ന വിവരങ്ങളിൽ ഉപഭോക്താക്കളുടെ യൂസർനെയിം, പൂർണനാമം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഭാഗിക വിലാസ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു. ഇത്തരം ഡാറ്റ ഉപയോഗിച്ച് സൈബർ ആൾമാറാട്ടം, ഫിഷിങ് ആക്രമണം, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് മാൽവെയർബൈറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നു.പ്രധാനമായും ഇൻസ്റ്റഗ്രാമിന്റെ പാസ്‌വേഡ് റീസെറ്റ് സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾ വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള സൂചനയായി, നിരവധി ഉപഭോക്താക്കൾക്ക് അടുത്തിടെ അപ്രതീക്ഷിതമായി പാസ്‌വേഡ് റീസെറ്റ് സന്ദേശങ്ങൾ ലഭിച്ചതായി പരാതിയുണ്ട്. ചോർന്ന ഡാറ്റ ഉപയോഗിച്ചാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ.അതേസമയം, ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഡാറ്റ ചോർച്ച സ്ഥിരീകരിച്ചിട്ടില്ല. മാൽവെയർബൈറ്റ്‌സിന്റെ വെളിപ്പെടുത്തലുകളോട് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2024-ൽ റിപ്പോർട്ട് ചെയ്ത ഇൻസ്റ്റഗ്രാം എപിഐ ഡാറ്റ ലീക്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ ഡാർക്ക് വെബ്ബിൽ വീണ്ടും വിശ്രമിക്കപ്പെടുന്നതെന്ന സംശയവും നിലനിൽക്കുന്നു.സൈബർ സുരക്ഷാ വിദഗ്ധർ ഉപഭോക്താക്കൾക്ക് ശക്തമായ പാസ്‌വേഡുകളും ടു-ഫാക്ടർ ഓതന്റിക്കേഷനും ഉടൻ സജ്ജമാക്കണമെന്ന് നിർദേശിക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!