പാലക്കാട് ആറുവയസ്സുകാരന്റെ മരണം നാടിന് നോവായി മാറുമ്പോൾ, കൊല്ലം അഞ്ചലിൽ സമാനമായ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് അത്ഭുതകരമായി തിരിച്ചുകിട്ടുകയും ചെയ്ത രണ്ടുവയസ്സുകാരൻ മുഹമ്മദ് അഫ്രാൻറെ കഥ വീണ്ടും ശ്രദ്ധേയമാകുന്നു. 2022 ജൂൺ 10-നായിരുന്നു അഞ്ചൽ തടിക്കാട് സ്വദേശിയായ അഫ്രാനെ കാണാതായത്. 13 മണിക്കൂർ നീണ്ട ഉദ്വേഗഭരിതമായ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയെങ്കിലും, ആ രാത്രിയിൽ കുട്ടി എവിടെയായിരുന്നു എന്നത് ഇന്നും ഒരു നിഗൂഢതയാണ്.തടിക്കാട് കാഞ്ഞിരത്തറ സ്വദേശികളായ അൻസാരിയുടെയും ഫാത്തിമയുടെയും മകനാണ് മുഹമ്മദ് അഫ്രാൻ. അമ്മ ഫാത്തിമ മൂത്ത കുട്ടിയോടൊപ്പം തൊട്ടടുത്ത പറമ്പിലേക്ക് പോയ സമയത്താണ് മുത്തശ്ശിക്കൊപ്പമുണ്ടായിരുന്ന അഫ്രാനെ കാണാതാകുന്നത്. പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും അവൻ അപ്രത്യക്ഷനായിരുന്നു.പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മഴയെ അവഗണിച്ചും രാത്രി മുഴുവൻ റബർ തോട്ടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. എന്നാൽ പിറ്റേന്ന് രാവിലെ ഏഴു മണിയോടെ വീടിന് ഏതാണ്ട് 400 മീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയാണ് കുട്ടിയെ കണ്ടെത്തിയത്.രാത്രി 11 മണിയോടെ മൂന്ന് സംഘങ്ങൾ ചേർന്ന് പരിശോധിച്ച അതേ സ്ഥലത്തുനിന്നാണ് രാവിലെ കുട്ടിയെ ലഭിച്ചത്. ആ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. രാത്രി മുഴുവൻ ശക്തമായ മഴ പെയ്തിട്ടും, കണ്ടെത്തുമ്പോൾ കുട്ടിയുടെ വസ്ത്രത്തിലോ ശരീരത്തിലോ കാര്യമായ നനവ് ഉണ്ടായിരുന്നില്ല. ഒരു രാത്രി മുഴുവൻ മഴയത്ത് കാട്ടിൽ കഴിഞ്ഞ കുട്ടിയുടെ ലക്ഷണങ്ങളൊന്നും അഫ്രാനിൽ കണ്ടില്ല. രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് ഒറ്റയ്ക്ക് നടന്നു കയറാൻ പ്രായസമുള്ള ചെങ്കുത്തായ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയത്.അഫ്രാനെ പരിക്കുകളൊന്നുമില്ലാതെ തിരികെ ലഭിച്ചത് വലിയ ആശ്വാസമായെങ്കിലും, ആ 13 മണിക്കൂർ അവൻ എവിടെയായിരുന്നു എന്ന ചോദ്യത്തിന് മാത്രം ഇന്നും ഉത്തരമില്ല. പാലക്കാട് സുഹാന്റെ മരണവാർത്ത പുറത്തുവന്നതോടെ, ഇത്തരം തിരോധാനങ്ങളിലെ സുരക്ഷാ വീഴ്ചകളും ദുരൂഹതകളും വീണ്ടും ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!