കോഴിക്കോട്: കഴിഞ്ഞ 45 വർഷമായി താൻ വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിയാണെന്നും, ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തന്റെ വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി.എം. വിനു രോഷത്തോടെ ചോദിച്ചു. “ഇതൊരു ജനാധിപത്യ രാജ്യമാണോ?” എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.ഓരോ തിരഞ്ഞെടുപ്പിലും തനിക്ക് വോട്ടുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ല. കല്ലായി വാർഡിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ച സമയം മുതൽ തൻ്റെ വോട്ട് നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. കോടതിയും നിയമവ്യവസ്ഥയും നിലവിലുണ്ട്. നാളെ മുതൽ കോഴിക്കോട്ടെ എല്ലാ വാർഡുകളിലും ഇറങ്ങി പ്രചാരണം നടത്തും. സെപ്റ്റംബറിൽ പുറത്തിറങ്ങിയ വോട്ടർ പട്ടികയിൽ തൻ്റെ പേരുണ്ടോ എന്ന് തനിക്കറിയില്ലെന്നും വി.എം. വിനു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ വോട്ടർ പട്ടികയിൽ തൻ്റെ പേര് ഒഴിവാക്കപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.കോൺഗ്രസ് ആരോപണം: വോട്ടർ പട്ടികയിലെ ക്രമക്കേട് ഗൂഢാലോചനയുടെ ഭാഗംവി.എം. വിനുവിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് സംസ്ഥാനത്ത് വ്യാപകമായ വോട്ടർ പട്ടിക ക്രമക്കേട് നടന്നതിൻ്റെ വ്യക്തമായ തെളിവാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വി.എം. വിനു കോഴിക്കോട് നഗരത്തിൽ ജനിച്ചു വളർന്നയാളാണ്. അദ്ദേഹത്തെ അറിയാത്തവർ ആരുമില്ല. എന്നാൽ നിലവിൽ അദ്ദേഹത്തിൻ്റെ പേര് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാര്യക്കും വോട്ട് ചെയ്യാനാവില്ല. വിനു ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നതുകൊണ്ട് ഇത്തവണയും ഉണ്ടാകുമെന്ന് വിശ്വസിച്ചു. സിപിഎം തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ നടപടിയെന്നും പ്രവീൺകുമാർ ആരോപിച്ചു. ഈ വിഷയത്തിൽ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.