തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.രാജ്യത്ത് 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ജീവനക്കാർ ആരോപിക്കുന്നതനുസരിച്ച്, അധിക ടാർഗെറ്റുകൾ നൽകി മനുഷ്യസാധ്യമല്ലാത്ത ജോലികൾ അവർക്ക് അടിച്ചേൽപ്പിക്കുന്നതുമാണ് പ്രശ്‌നം. ഇത് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെന്ന് ജീവനക്കാർ പ്രതികരിച്ചു.ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.