കൊല്ലം ജില്ലയിലെ ആയൂരിൽ മന്ത്രവാദ ചികിത്സയ്ക്ക് വഴങ്ങാത്തതിലുള്ള കടുത്ത വൈരാഗ്യത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻകറി ഒഴിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. 36 വയസ്സുള്ള റെജില ഗഫൂറിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ പ്രതികരണവുമായി ഭാര്യ റെജില.റജിലയുടെ വാക്കുകൾ;‘ഭര്‍ത്താവ് മുമ്പും മര്‍ദിക്കാറുണ്ട്. ഇത്തരം പെരുമാറ്റങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഞാന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇത്തരം കാര്യങ്ങള്‍ എതിര്‍ത്തിരുന്നു. പിറ്റേ ദിവസം ഉസ്താദിന്റെ അടുത്ത് പോയിട്ട് എനിക്ക് ശെയ്ത്താന്‍ കൂടിയതാണെന്ന് പറഞ്ഞ് തകിടും ഭസ്മവും ഒക്കെയായി വന്നു. എന്നിട്ട് എന്നോട് മുടിയൊക്കെ അഴിച്ച് വീടിന്റെ മുറ്റത്തിരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് ചെയ്തില്ല. ഞാന്‍ പ്രതികരിച്ചു. അതിനെച്ചൊല്ലി വഴക്കുണ്ടായപ്പോഴാണ് അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന മീന്‍കറി വലതുകൈ കൊണ്ട് തട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞത്’സംഭവം നടന്നത് ഇന്നലെ രാവിലെ ഏകദേശം 9 മണിയോടുകൂടിയാണ്. കുറച്ചു നാളുകളായി റെജിലയുടെ ശരീരത്തിൽ ‘സാത്താൻ കൂടിയിരിക്കുന്നു’ എന്ന് സജീർ വിശ്വസിച്ചിരുന്നു. ഇതിനെ തുടർന്ന് അഞ്ചൽ ഏറത്തുള്ള ഒരു മന്ത്രവാദിയുടെ അടുത്തേക്ക് റെജിലയെ ഇയാൾ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്രവാദിയുടെ പക്കൽ നിന്നും ലഭിച്ച ഭസ്മവും തകിടുമായി സജീർ വീട്ടിലെത്തി. എന്നാൽ, ഈ കൂടോത്രവും മന്ത്രവാദ ചികിത്സയും തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് റെജില ശക്തമായി എതിർത്തു. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിൽ കടുത്ത വാക്കുതർക്കത്തിലേക്കും വഴക്കിലേക്കും നയിച്ചു. ഈ വൈരാഗ്യത്തിനിടയിൽ അടുപ്പത്ത് വെച്ചിരുന്ന തിളച്ച മീൻകറിയെടുത്ത് സജീർ റെജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.റെജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ അവരെ ആയൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ സൗകര്യങ്ങൾക്കായി അഞ്ചലിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെജിലയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. റെജിലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ചടയമംഗലം പോലീസ് ഭർത്താവ് സജീറിനെതിരെ കേസ് എടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!