മലപ്പുറം: മലപ്പുറം പുന്നത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തിരുനാവായ സ്വദേശികളായ ദമ്പതികൾക്ക് ജീവൻ നഷ്ടമായത്. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിൽ വെച്ചായിരുന്നു സംഭവം.ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ജനുവരിയിലാണ് സിദ്ധിക്കും റീസയും വിവാഹിതരായത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.