പാലക്കാട്: അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തേണ്ട മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി പാലക്കാട് ജില്ലാ ആശുപത്രി. വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച 62-കാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കാതെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.സെപ്റ്റംബർ 25ന് വിഷം കഴിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച മുണ്ടൂർ സ്വദേശിയാണ് മരിച്ചത്. മരണശേഷം ബന്ധുക്കൾ എത്തിയപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൈമാറുകയായിരുന്നു. എന്നാൽ കുറച്ച് മണിക്കൂറിനുശേഷമാണ് ആശുപത്രി അധികൃതർ പിശക് മനസിലാക്കിയത്.പോസ്റ്റുമോർട്ടം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി ജീവനക്കാരും പോലീസും ചേർന്ന് വീട്ടിലെത്തി മൃതദേഹം തിരികെ ഏറ്റുവാങ്ങി. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണസർട്ടിഫിക്കറ്റ് ലഭിക്കൂയെന്നും ജില്ലാ ആശുപത്രിയുടെ സ്വന്തം ചെലവിൽ ആംബുലൻസടക്കം ജീവനക്കാരെ അയക്കാമെന്നും ഇവർ അറിയിച്ചു. പിന്നാലെ ബന്ധുക്കളും സമ്മതം മൂളിയതോടെയാണ് മൃതദേഹം തിരികെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ ബന്ധുക്കൾക്ക് പരാതിയില്ല. എന്നാൽ വീഴ്ചയെക്കുറിച്ച് ബന്ധപ്പെട്ട ഡോക്ടറും ജീവനക്കാരും വിശദീകരണം നൽകണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ അറിയിച്ചു. രോഗി ദീർഘകാലമായി ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണെന്ന് കരുതിയതാണ് പിശക് സംഭവിക്കാനിടയായതെന്ന് അവരും കൂട്ടിച്ചേർത്തു.