മലപ്പുറം: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ മധ്യവയസ്കൻ അറസ്റ്റിൽ. നിലമ്പൂർ പാലപറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണനെയാണ് നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് എറണാകുളം വടക്കൻ പറവൂരിൽ വെച്ച് പിടികൂടിയത്. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ പരിചയം നടിച്ച് സമീപിച്ച പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.കുട്ടി ബഹളം വച്ചതോടെ പ്രദേശവാസി കാര്യമന്വേഷിച്ച് എത്തുകയായിരുന്നു. ഇതോടെ പ്രതി പീഡനശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതി ഊട്ടി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഇതിന് ഇടയിലാണ് വ്യാഴാഴ്ച വടക്കൻ പറവൂരിലുള്ള ബന്ധുവീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്.തുടർന്ന് പോലീസ് അവിടെയെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്എച്ച്ഒ പി വിഷ്ണു, ഡാൻസാഫ് അംഗങ്ങളായ എൻ പി സുനിൽ., അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി. , ടി നിബിൻദാസ്, ജിയോ ജേക്കബ്, ശാലിനി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.