കാസർകോട്: നാലുവയസുള്ള മകനെ സഹോദരിയെ ഏൽപ്പിച്ച ശേഷം യുവാവും ഭാര്യയും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കടമ്പാറിലെ അജിത്ത്കുമാറും ഭാര്യ ശ്വേതയും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമെന്നും ഇല്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ജീവനൊടുക്കിയത് എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, ഇവർക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നു.സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ഇവർ വായ്പ എടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ചിലർ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.കടമ്പാറിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു ശ്വേത. സ്കൂളിലെ എല്ലാം പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും പങ്കുവയ്ക്കാറില്ലെന്നു സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത്കുമാർ ഭാര്യ ശ്വേതയേയും മകനെയും കൂട്ടി ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെ ഏറെ സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാൻ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് നേരെ വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അൽപം സംസാരിച്ചിരുന്നതായി പറയുന്നു. മംഗളൂരു ആശുപത്രിയിലെത്തിയ മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അജിത്ത്കുമാറിന്റെ സഹോദരി ശ്രുതിയുടെ ഭർത്താവ് ഗൾഫിലാണ്. ഇവർ നാട്ടിലെത്താനാണു സംസ്കാരം ഇന്നേക്കു മാറ്റിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!