കൊച്ചി: ഭൂട്ടാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിൽ ആദ്യമായി ‘ഫസ്റ്റ് ഓണർ’ വാഹനം കസ്റ്റംസ് പിടിച്ചെടുത്തു. കുണ്ടന്നൂരിലെ ഒരു വർക്ക്‌ഷോപ്പിൽനിന്നാണ് 1992 മോഡൽ ലാൻഡ് ക്രൂയിസർ പിടികൂടിയത്. ഈ വാഹനം അസം സ്വദേശിയായ മാഹിൻ്റെ പേരിലാണ് അരുണാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനക്കടത്തിലെ ഒരു വലിയ റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.കേരളത്തിലേക്ക് 150-നും 200-നും ഇടയിൽ ആഡംബര എസ്‌യുവികൾ ഇത്തരത്തിൽ എത്തിച്ചതായാണ് കസ്റ്റംസ് കരുതുന്നത്. വാഹനക്കടത്ത് സംഘം രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വലിയൊരു ശൃംഖലയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കടത്ത് സംഘത്തിലെ കോയമ്പത്തൂർ കണ്ണികളെ ഒരു വർഷം മുൻപ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ രേഖകളിൽ സംശയം തോന്നിയ വാഹന ഉടമകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കൊച്ചി, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. രേഖകൾ കൃത്യമല്ലാത്ത 36 വാഹനങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. മോട്ടോർ വാഹന വകുപ്പ്, എടിഎസ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.