കല്‍പ്പറ്റ: വയനാട്ടില്‍ ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പനമരത്തിനടുത്ത അഞ്ചുകുന്നിലായിരുന്നു അപകടം. മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ടെത്തിയ ബൊലേറോ സ്‌കൂട്ടറിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടസ്ഥലത്ത് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മറ്റൊരു സംഭവത്തിൽ കാസര്‍കോട് ഇരിയണ്ണിക്കടുത്ത് മഞ്ചക്കല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബേത്തൂര്‍പാറ തീര്‍ഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ബോവിക്കാനത്തുനിന്നും ബേത്തൂര്‍പാറയിലേക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുയായിരുന്ന ജിതേഷ് മഞ്ചക്കല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികള്‍ വെച്ച് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഓട്ടോയിലും പിന്നീട് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലും ഇടിച്ച് വീഴുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ അപകടസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.