വയനാട്: വയനാട് പുൽപ്പള്ളിയിൽ കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യാണ് മരണപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു കുട്ടി. കനിഷ്‌കയെ ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.മറ്റൊരു സംഭവത്തിൽ മലപ്പുറം മങ്കടയില്‍ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മങ്കട സ്വദേശി നഫീസി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാത്രി മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!