കൊല്ലം: ഉത്രാടം ദിവസമായ ഇന്ന് വലിയൊരു ദുരന്തത്തിനാണ് കൊല്ലം തേവലക്കര ദേശം സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് തേവലക്കര സ്വദേശി പ്രിൻസും രണ്ട് മക്കളും വാഹനാപകടത്തിൽ മരിച്ചത്. ഭാര്യയും ഒരു മൂത്ത മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയശേഷമുള്ള അവരുടെ മടക്കയാത്രയിൽ പുലര്‍ച്ചെ 3.14 ന് ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയിലായിരുന്നു അപകടം. അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയാണുണ്ടായത്.അപകടത്തിൽ എസ്‌യുവി പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സ് തോമസും മക്കളായ പതിന്നാലുകാരന്‍ അതുലും അഞ്ചുവയസ്സുകാരി അല്‍ക്കയും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യയെയും മൂത്തമകള്‍ ഐശ്വര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഐശ്വര്യയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിന്ദ്യയുടെ കാലിനാണ് പരിക്കേറ്റത്. പ്രിന്‍സായിരുന്നു വാഹനമോടിച്ചിത്. ഇടയ്ക്ക് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ദൃശ്യങ്ങളിൽ വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്.ധനകാര്യസ്ഥാപനവും മെഡിക്കല്‍ ഷോപ്പും നടത്തിവരികയാണ് പ്രിന്‍സ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍. അല്‍ക്ക യുകെജി വിദ്യാര്‍ഥിനിയും. യു.എസിലേയ്ക്ക് പോകുന്ന ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം.