കക്കയം ഡാം റോഡിന് സമീപം കടുവയെ കണ്ടതായി റിപ്പോർട്ട്. വനംവകുപ്പ് വാച്ചർമാരാണ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കടുവയെ കണ്ടത്. ഇത് പ്രദേശത്ത് ആശങ്കക്ക് കാരണമായിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, കടുവയെ കണ്ടെത്തിയത് ചൊവ്വാഴ്ച വൈകുന്നേരം കക്കയം ഡാം സൈറ്റ് റോഡിലെ സിസിലി മുക്ക് എന്ന സ്ഥലത്തുവെച്ചാണ്. സമീപത്തെ വനത്തിലേക്ക് കടുവ കയറിപ്പോയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. കക്കയം മേഖലയിൽ കടുവയുടെ സാന്നിധ്യം ഇതാദ്യമായല്ല സ്ഥിരീകരിക്കുന്നത്. മുൻപും ഡാം റിസർവോയറിന് സമീപത്തും മറ്റ് പ്രദേശങ്ങളിലും കടുവയെ കണ്ടിട്ടുണ്ട്.പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ, ഓണാവധിക്ക് നിരവധി ആളുകൾ കക്കയം സന്ദർശിക്കാൻ എത്താറുണ്ട്. ഈ സാഹചര്യത്തിൽ, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. വനംവകുപ്പ് ഈ മേഖലയിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.