പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനിടെ കോഴി ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫെയർ ബോർഡിനും പരാതി ലഭിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം ലംഘിച്ചതിന് മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാർ എംഎൽഎ ഓഫീസ് ബോർഡിൽ കോഴികളെ കെട്ടിത്തൂക്കുകയും പോലീസുമായി ഉണ്ടായ സംഘർഷത്തിനിടെ ഒരു കോഴിയെ പോലീസുകാർക്ക് നേരെ എറിയുകയും ചെയ്തു. ഈ പ്രവൃത്തികൾ കോഴിയുടെ മരണത്തിന് കാരണമായെന്നാണ് പരാതിയിൽ പറയുന്നത്. വെയിലത്ത് കെട്ടിത്തൂക്കിയതും എറിഞ്ഞതുമായ പ്രവൃത്തികൾ മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കണമെന്നും, ഇതിന് ഉത്തരവാദികളായ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് അംഗമായ ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്.